തൃശ്ശൂർ :വിയ്യൂർ ജയിൽ പരിസരത്തുനിന്നു രക്ഷപ്പെട്ട കുപ്രസിദ്ധ കുറ്റവാളി ബാലമുരുകൻ (44) തമിഴ്‌നാട്ടിലെ പെരമ്പലൂർ ജില്ലയിൽനിന്ന് അറസ്റ്റിലായി. തെങ്കാശി കോടതിയിൽ ഹാജരാക്കിയ പ്രതിയെ ഞായറാഴ്ച ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡുചെയ്തു.
അഞ്ചുകൊലപാതകങ്ങളടക്കം 53 കേസുകളിൽ പ്രതിയായ ബാലമുരുകൻ കേരളത്തിലെ മോഷണക്കേസിൽ വിയ്യൂർ സെൻട്രൽ ജയിലിൽ തടവുശിക്ഷ അനുഭവിക്കവേ നവംബർ ആദ്യമാണ് രക്ഷപ്പെട്ടത്. തമിഴ്‌നാട്ടിലെ തെങ്കാശി ആലങ്കുളം കാടയം അമ്മൻകോവിൽ സ്വദേശിയായ ഇയാൾക്കായി തെങ്കാശിയിലും പരിസരങ്ങളിലും പോലീസ് തിരച്ചിൽ നടത്തിവരികയായിരുന്നു. പല തവണ പോലീസിന്റെ കൈയിൽനിന്ന് രക്ഷപ്പെട്ട ബാലമുരുകനും സഹോദരൻ മഹേഷും പെരമ്പല്ലൂരിലെ പാത്തല്ലൂരിലുണ്ടെന്ന് വിവരം കിട്ടിയതിനെത്തുടർന്ന് പോലീസ് സംഘം അവിടെയെത്തുകയും ഇരുവരെയുംകസ്റ്റഡിയിലെടുക്കുകയുമായിരുന്നു.തമിഴ്‌നാട്ടിലെ ഒരു കേസന്വേഷണത്തിന്റെ ഭാഗമായി വിയ്യൂർ ജയിലിൽനിന്ന് ബാലമുരുകനെ തമിഴ്നാട് പോലീസിന് കൈമാറിയതായിരുന്നു.തിരിച്ച് വിയ്യൂർ ജയിലിൽ എത്തിക്കുന്നതിനിടെയാണ് രക്ഷപ്പെട്ടത്. ജയിലിനടുത്തുവെച്ച് ഇയാൾ മൂത്രമൊഴിക്കണമെന്ന് പറയുകയും ഇതിനായി പോലീസ് വാഹനം നിർത്തിയപ്പോൾ അടുത്തുള്ള മതിൽചാടി രക്ഷപ്പെടുകയുമായിരുന്നു എന്നാണ് തമിഴ്‌നാട് പോലീസ് പറഞ്ഞിരുന്നത്. രക്ഷപ്പെട്ട് ദിവസങ്ങൾക്കകം ഇയാൾ തെങ്കാശിയിലെത്തിയതായി പോലീസിന് വിവരം ലഭിച്ചു. കുടുംബത്തിൽ ചില അത്യാഹിതങ്ങളുണ്ടായ സാഹചര്യത്തിൽ ഇയാൾ തെങ്കാശിയിലും പരിസരത്തും തന്നെയുണ്ടാവുമെന്ന ഉറപ്പിലായിരുന്നു പോലീസിന്റെ അന്വേഷണം.
വിയ്യൂരിൽനിന്ന് രക്ഷപ്പെട്ട കൊടുംകുറ്റവാളി ബാലമുരുകൻ തമിഴ്‌നാട്ടിൽ അറസ്റ്റിൽ
