പുന്നയൂര്‍ക്കുളം:കുരുന്നുകൾക്കാവേശമായി ഞാറ് നടീൽ ഉത്സവം. ചെറായി ഗവ. യു പി സ്കൂളിലെ ഇക്കോ ക്ലബ്ബ് വിദ്യാർത്ഥികളും അധ്യാപകരുമാണ് നെല്‍കൃഷിയുടെ വിവിധ ഘട്ടങ്ങള്‍ കണ്ടറിയാനും ഞാറ് നടീൽ പഠിക്കാനും ഉപ്പുങ്ങല്‍ പാടത്തെത്തിയത്.ഞാറ്റടിയില്‍ നിന്നു ഞാറ് പറിച്ച്, ഉഴുതുമറിച്ച പാടത്ത് നട്ടത്.സ്കൂൾ എസ്.എം.സി ചെയർമാനായ കളത്തിങ്കൽ അജീഷിന്റെ കൃഷിയിടത്തിലെ ഒരു ഏക്കറിലാണ് പൗർണമി ഇനത്തിൽപ്പെട്ട നെൽ വിത്ത് വിതച്ചത്. മുളച്ച ഞാറുകൾ വിദ്യാർത്ഥികൾ പറിച്ചെടുത്ത് മൂന്നെണ്ണം വീതമുള്ള നെൽച്ചെടികളാക്കി കഴുകിയെടുത്ത് മണ്ണൊരുക്കിയ ചേറു നിറഞ്ഞ പാടത്ത് വരിവരിയായി നിശ്ചിത അകലത്തിൽ നട്ടു.
ഞാറ്റുപാട്ടും നൃത്തവുമായി അയല്‍ സംസ്ഥാന തൊഴിലാളികളും കൂടിയപ്പോള്‍ കോള്‍ പാടത്തെ പൊള്ളുന്ന വെയിലിലും കുട്ടികള്‍ക്ക് കൃഷി ആവേശമായി. അറുപതോളം കുട്ടികളാണ് പാടത്ത് എത്തിയത്. ഉടുക്കാന്‍ മുണ്ടും വെയില്‍ മറക്കാന്‍ പാളത്തൊപ്പിയും തോര്‍ത്തും കുട്ടികള്‍ കരുതിയിരുന്നു. വിത്തിന് നനയ്ക്കുന്നത് മുതല്‍ വിത്ത് മുളപ്പിക്കല്‍, ഞാറ്റടി തയാറാക്കല്‍, നടീല്‍, കള പറിക്കല്‍, വള പ്രയോഗം, കണ്ടത്തില്‍ വെള്ളം നിറയ്ക്കല്‍, കൊയ്ത്ത് വരെയുള്ള എല്ലാ ഘട്ടങ്ങളിലും കുട്ടികളെ പങ്കെടുപ്പിക്കുമെന്ന് അധ്യാപകര്‍ പറഞ്ഞു. ഇവര്‍ നട്ട ഞാറ് വിളവെടുക്കുന്നതും ഇവര്‍ തന്നെയാകും.പുന്നയൂർക്കുളം പഞ്ചായത്ത് പ്രസിഡന്റും സജീവ നെല്‍ കര്‍ഷകനുമായ ടി.കെ.ഹസന്‍ തളികശേരി കുട്ടികള്‍ക്ക് കൃഷി അറിവുകള്‍ പറഞ്ഞു കൊടുത്തു.വാര്‍ഡ് മെംബര്‍ നദീറ, പ്രധാനാധ്യാപകന്‍ കെ.എല്‍ മനോഹിത്, കര്‍ഷകന്‍ കെ.വി.അജീഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.രാവിലെ ഉപ്പുങ്ങൽ പാടത്തെത്തിയ വിദ്യാർത്ഥികളും അധ്യാപകരും ഏക്കറു കണക്കിനുള്ള നെൽപ്പാടത്തേയ്ക്ക് വെള്ളം തിരിച്ചു വിടുന്ന റിസർവോയറും അതിൽ നിന്ന് വെള്ളം പമ്പ് ചെയ്യുന്ന പമ്പിങ് സ്റ്റേഷന്റെ പ്രവർത്തനവും വിവിധ തരത്തിലുള്ള ദേശാടനപ്പക്ഷികളേയും വിവിധ മണ്ണിനങ്ങളെക്കുറിച്ചും കണ്ടു മനസ്സിലാക്കി. സംഭാരം കുടിച്ചശേഷം മണ്ണൊരുക്കിയ നെൽപ്പാടത്തിറങ്ങിയ ക്ലബ്ബ്അംഗങ്ങളും അധ്യാപകരും രക്ഷിതാക്കളും ഞാറു നട്ടു. ഉച്ചയോടെ പാട വരമ്പത്ത് കയറി കാലും മുഖവും കഴുകിയപ്പോൾ നല്ല വിശപ്പും ദാഹവും. പാള പ്ലേറ്റുകളിൽ വിളമ്പിയ കഞ്ഞിയും ചമ്മന്തിയും പപ്പടവും അച്ചാറും പാവയ്ക്ക വറുത്തതുമെല്ലാം തയ്യാറാക്കി വന്ന പ്ലാവിലക്കയിലുപയോഗിച്ച് കഴിച്ച അംഗങ്ങൾക്ക് മണ്ണിന്റെ മണവും അധ്വാനത്തിന്റെ സംതൃപ്തിയും അനുഭവിക്കാൻ കുട്ടികൾക്ക് കഴിഞ്ഞു
മണ്ണിന്റെ മണവും അധ്വാനത്തിന്റെ സംതൃപ്തിയുമറിഞ്ഞ് ചെറായി സ്കുളിലെ കുരുന്നുകൾ
