പുന്നയൂർക്കുളം:വടക്കേക്കാട് പോലീസ് സ്റ്റേഷനിലെ പോലീസുകാരനെ കത്തി കൊണ്ടിടിച്ച് മൂക്കിനു പരിക്കേൽപ്പിച്ച സംഭവത്തിൽ മൂന്നുപേർ കസ്റ്റഡിയിൽ. വടക്കേക്കാട് കൗക്കാനപ്പെട്ടി കല്ലിങ്ങൽ സ്വദേശികളായ തോട്ടുപുറത്ത് പ്രണവ് (30),തോട്ടു പുറത്ത് രാഹുൽ (24) വെള്ളക്കട ബജീഷ് (40) എന്നിവരാണ് പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുള്ളത്. ഇന്നലെ രാത്രി 10.30 ഓടെ കുന്നത്തൂർ ദേവാസുര ബാറിൽ വച്ചാണ് സംഭവം നടന്നത്. ബാറിൽ എത്തിയവരുമായി അക്രമിസംഘം തർക്കത്തിൽ ഏർപ്പെടുകയും കത്തി വീശി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തതിനെ തുടർന്ന് ബാർ ജീവനക്കാർ വടക്കേക്കാട് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് എ എസ് ഐ അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സ്ഥത്തെത്തി അക്രമികളെ പിടികൂടി വാഹനത്തിൽ കയറ്റുന്നതിനിടെ പ്രണവ് കയ്യിലുള്ള കത്തിയുടെ പിടി ഉപയോഗിച്ച് അനിൽ കുമാറിൻ്റെമൂക്കിനിടിക്കുകയായിരുന്നുവെന്ന് പറയുന്നു. ഇടിയുടെ ആഘാതത്തിൽ മൂക്കിൻ്റെ പാലം തകരുകയും മൂക്കിൽ നിന്ന് ചോര വരികയും ചെയ്തു. ഇതേ തുടർന്ന് പുന്നുക്കാവ് ശാന്തി നേഴ്സിംങ്ങ് ഹോമിൽ എത്തിക്കുകയും പരിക്ക് ഗുരുതരമായതിനെ തുടർന്ന് കുന്നംകുളം ദയ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പിന്നീട് കൂടുതൽ പോലീസ് എത്തിയാണ് പ്രതികളെ പിടികൂടിയത്. പ്രണവ്, രാഹുൽ എന്നിവർ വടക്കേക്കാട് സ്റ്റേഷനിലെ സ്ഥിരം കുറ്റവാളികളാണ്
വടക്കേക്കാട് പൊലീസ് സ്റ്റേഷനിലെ എ എസ് ഐ ക്ക് നേരെ ലഹരി മാഫിയയുടെ അക്രമം; കത്തികൊണ്ടുള്ള അക്രമത്തിൽ എ എസ് ഐ യുടെ മൂക്കിൻ്റെ പാലം തകർന്നു. മൂന്ന് പേർ പിടിയിൽ
