ചാലിശേരി: കല്ലുപുറം അടിമന താഴത്ത്
കൊയ്ത്ത് കഴിഞ്ഞ പാടശേഖരങ്ങളിൽ തീറ്റതേടിയും തോട്ടിൽ നീരാടാനും കുട്ടനാടൻ താറാവ്കൂട്ടങ്ങളെത്തി.
പാലക്കാട് പട്ടാമ്പി സ്വദേശി ജോണിയുടെ ഉടമസ്ഥതയിലുള്ള പതിനായിരത്തോളം കുട്ടനാടൻ താറാവു ഇനങ്ങളായ ചാര ,ചെമ്പലി ,പുള്ളി ഇനത്തിൽപ്പെട്ടവയാണ് വിശാലമായ പാടശേഖരത്ത് കഴിഞ്ഞ നാലു ദിവസമായി തമ്പടിച്ചിരിക്കുന്നത്.
ജനുവരിയിൽ ആലപ്പുഴയിൽ നിന്ന് ഒരു ദിവസം പ്രായമായ താറാവു കുഞ്ഞുങ്ങളെ വാങ്ങിയാണ് കൃഷി നടത്തുന്നത് ഇഷ്ടപ്പെട്ട പനച്ചോറിന് ക്ഷാമം നേരിടുന്നതിനാൽ ആദ്യത്തെ ഒരു മാസം മൂന്ന് നേരം അരി ഭക്ഷണമായി നൽകിയാണ് ഇവയെ വളർത്തുന്നത്.ഭക്ഷണ ചിലവ് കുറക്കുന്നതിനായാണ് താറാവുകളെ ചാലിശേരി പാടശേഖരങ്ങളിലേക്ക് എത്തിച്ചത്. പ്രകൃതിദത്തമായ തീറ്റ ഇവർക്ക് ധാരാളം ഇവിടെ നിന്ന് ലഭിക്കും.വളർത്ത് പക്ഷികളിൽ ഇന്ത്യയിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്ന താറാവുകളുടെ ആരോഗ്യത്തിനും ,വളർച്ചക്കും ജലപരിപാലനം ഏറെ ആവശ്യമാണ്.
ചാലിശേരി തോട്ടിൽ വെള്ളം കെട്ടി നിൽക്കുന്നതും താറാവുകൂട്ടങ്ങൾ ഇവിടേക്ക് എത്തുവാൻ കാരണമായി.
ചൂട് ശക്തമാകുന്നതോടെ പാടശേഖരത്തെ തീറ്റ ഒഴിവാക്കി താറാവുകളെല്ലാം തോട്ടിലെ വെള്ളത്തിൽ നീരാടും. പല തവണ ഇതാവർത്തിക്കും.
നിരവധി യാത്രക്കാരാണ് തോട്ടിൽ നീന്തി കളിക്കുന്ന താറാവ് കൂട്ടങ്ങളെ കാണുവാൻ ഇവിടെ എത്തുന്നത്. ഒരാഴ്ച കഴിഞ്ഞാൽ മലപ്പുറം ജില്ലയുടെ കായൽപ്രദേശങ്ങളിലേക്ക് താറാവുകൂട്ടങ്ങൾ പോകും.നവംബർ അവസാനത്തോടെ താറാവുകളെല്ലാം ആന്ധ്ര ,മൈസൂർ ,തമിഴ്നാട് ,കർണ്ണാടകം എന്നീ സംസ്ഥാനങ്ങളിലെ കൃഷിക്കാർക്ക് കൈമാറും.
പാലക്കാട്ടെ താറാവ് കർഷകർ ഏറെ പ്രതിസന്ധിയിലാണെന്ന് നാലര പതിറ്റാണ്ടായി പണിയെടുക്കുന്ന കണ്ണാടി സ്വദേശി സുധേവൻ പറഞ്ഞു. പുതിയ തലമുറകളിലാരും താറാവ് തൊഴിലാളികളാകുവാൻ മുന്നോട്ട് വരുന്നില്ല.365 ദിവസവും താറാവ് കൃഷി ചെയ്യുന്ന തൊഴിലാളികൾക്ക് പെൻഷനോ മറ്റു അനുകൂല്യങ്ങളോ,പക്ഷിപനി തുടങ്ങിയ രോഗങ്ങൾക്ക് നഷ്ടപരിഹാരമോ ഇതുവരെ ലഭിച്ചിട്ടില്ല.അനുകൂലമായ കാലാവസ്ഥയും മുട്ടക്ക് നല്ല വില കിട്ടുകയും .താറാവുകൾക്ക് അസുഖം ബാധിക്കാതിരിക്കുകയും ചെയ്താൽ മാത്രമെ കൃഷി ലാഭമാവുകയുള്ളൂ വെന്ന് ഇവർ പറഞ്ഞു.
കൊയ്തൊഴിഞ്ഞ ചാലിശേരി പാടശേഖരത്ത് തീറ്റതേടിതാറാവു കൂട്ടങ്ങളെത്തി
