ഗുരുവായൂർ:കാർഷിക സമൃദ്ധിയുടെ ഐതിഹ്യപ്പെരുമയുമായി ഗുരുവായൂർ ക്ഷേത്രത്തിൽ നടന്ന ഇല്ലം നിറ ചടങ്ങ് ഭക്തി സാന്ദ്രമായി.ഇത്തവണ ക്ഷേത്രം കൊടിമരത്തിനടുത്ത്,വലിയ ബലിക്കല്ലിന് സമീപം നടന്ന കതിർ പൂജ ദർശിക്കാൻ കൂടുതൽ ഭക്തർക്ക് അവസരമുണ്ടായി.. പൂജിച്ച കതിർകറ്റകൾ വേഗത്തിൽ ലഭിച്ച ആഹ്ളാദത്തിലായിരുന്നു ഭക്തരുടെ മടക്കം.ഇന്നു രാവിലെ 6.18 മുതൽ 7.54 വരെയുള്ള ശുഭമുഹൂർത്തിലായിരുന്നു ഭക്തി സാന്ദ്രമായ ചടങ്ങ്.പാരമ്പര്യ അവകാശികളായ അഴീക്കൽ, മനയം കുടുംബക്കാരും ഭക്തജനങ്ങളും കിഴക്കേ നടയിലെത്തിച്ച കതിർക്കറ്റകൾ രാവിലെ കിഴക്കേ ഗോപുരവാതിൽക്കൽ നാക്കിലയിൽ സമർപ്പിച്ചു. കീഴ്ശാന്തി നമ്പൂതിരിമാർ കതിരുകൾ തലയിലേറ്റി എഴുന്നള്ളിച്ച് ക്ഷേത്രം കൊടിമരത്തിന് സമീപം എത്തിച്ചു.ശുഭമുഹൂർത്തത്തിൽ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പി.സി.ദിനേശൻ നമ്പൂതിരിപ്പാടിൻ്റെ സാന്നിധ്യത്തിൽ മേൽശാന്തി പി.എസ് മധുസൂദനൻ നമ്പൂതിരി കതിർ പൂജ നിർവ്വഹിച്ചു.പൂജിച്ച കതിർക്കറ്റകൾ ഗുരുവായൂരപ്പന് സമർപ്പിച്ചു.പിന്നീട് കതിർകറ്റകൾ ഭക്തർക്ക് പ്രസാദമായി നൽകി.ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ, ഭരണസമിതി അംഗം കെ.പി.വിശ്വനാഥൻ അഡ്മിനിസ്ട്രേറ്റർ കെ.പി. വിനയൻ,ക്ഷേത്രം ഡി.എ പ്രമോദ് കളരിക്കൽ എന്നിവർ ചടങ്ങിൽ സന്നിഹിതരായി.ഇല്ലം നിറയുടെ തുടർച്ചയായുള്ള തൃപ്പുത്തരി ആഘോഷം ആഗസ്റ്റ് 28നാണ്. രാവിലെ 9.35 മുതൽ 11.40 വരെയുള്ള മുഹൂർത്തത്തിലാണ് തൃപ്പുത്തരി.പുന്നെല്ലിൻ്റെ അരികൊണ്ടുള്ള പുത്തരി പായസവും അപ്പവും ഗുരുവായൂരപ്പന് നേദിക്കും. വിശേഷാൽ പുത്തരി പായസം ഏറെ പ്രധാനമാണ്.
ഭക്തിയുടെ നിറവിൽ ഇല്ലം നിറ; ഗുരുവായൂരപ്പ ദർശന സായൂജ്യം നേടി ഭക്തസഹസ്രങ്ങൾ
