വിദ്യാർത്ഥികളിൽ ശുചിത്വബോധം വളർത്താൻ ചാവക്കാട് നഗരസഭ ശുചിത്വ പഠനോത്സവം സംഘടിപ്പിച്ചു

ചാവക്കാട്:സ്വച്ഛ് സർവേക്ഷൻ 2025-ന്റെ ഭാഗമായി വിദ്യാർത്ഥികളിൽ ശുചിത്വബോധവും മാലിന്യസംസ്കരണത്തെക്കുറിച്ചുള്ള അറിവും വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ചാവക്കാട് നഗരസഭയുടെ നേതൃത്വത്തിൽ ശുചിത്വ പഠനോത്സവം സംഘടിപ്പിച്ചു. നഗരസഭ ചെയർമാൻ എ. എച്ച്. അക്ബർ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. നഗരസഭ വൈസ് ചെയർപേഴ്‌സൺ ബിൻസി സന്തോഷ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ശുചിത്വ പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികൾക്ക് വലിയ പങ്കുവഹിക്കാനുണ്ടെന്നും അവരുടെ ഇടപെടലുകൾ ഈ രംഗത്ത് നിർണായകമാണെന്നും ചടങ്ങിൽ പ്രസംഗിച്ച ജില്ലാ പ്രോഗ്രാം ഓഫീസർ  രാജിനേഷ് രാജൻ വ്യക്തമാക്കി. വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരും പരിപാടിയിൽ പങ്കെടുത്തു.
നഗരസഭ പരിധിയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 75 വിദ്യാർത്ഥികളാണ് പഠനോത്സവത്തിൽ പങ്കെടുത്തത്.മാലിന്യ വേർതിരിക്കൽ, പ്ലാസ്റ്റിക് മാലിന്യ നിർമാർജനം,ഗാർഹിക മാലിന്യസംസ്കരണം,പൊതുസ്ഥല ശുചിത്വം എന്നീ വിഷയങ്ങളെ ആസ്പദമാക്കി വിപുലമായ അവതരണങ്ങളും സംവാദങ്ങളും നടന്നു.
വിദ്യാർത്ഥികളിൽ ഉത്തരവാദിത്വബോധം വളർത്തുന്നതിനും സമൂഹത്തിൽ ശുചിത്വ സംസ്കാരം ശക്തിപ്പെടുത്തുന്നതിനും ഈ സംഗമം വലിയ പ്രചോദനമായതായി അധ്യക്ഷ പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. പരിപാടിയിൽ പങ്കെടുത്ത 75 വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. കൂടാതെ, ശുചിത്വ പ്രവർത്തനങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച 7 വിദ്യാലയങ്ങളെ ട്രോഫി നൽകി ആദരിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *