പുന്നയൂർക്കുളം:പുന്നയൂർ,വടക്കേക്കാട് പഞ്ചായത്തുകൾ അതിർത്തി പങ്കിടുന്ന കുരഞ്ഞിയൂർ,കച്ചേരിപ്പടി, വൈലത്തൂർ റോഡിനോടുള്ള അവഗണന അധികൃതർ തുടരുന്നു.പുന്നയൂർ പഞ്ചായത്തിലെ ആറാം വാർഡിൽ ഉൾപ്പെടുന്ന കുരഞ്ഞിയൂർ,അവിയൂർ, എടക്കഴിയൂർ എന്നീ ദേശത്തുള്ളവർക്ക് കുന്നംകുളം ഭാഗത്തേക്ക് പോകുന്നതിനുള്ള ഏറ്റവും എളുപ്പ വഴിയാണ് ഈ റോഡ്.കൂടാതെ വൈലത്തൂർ ദേശത്തുള്ളവർക്ക് ചാവക്കാട് താലൂക്ക് ആസ്ഥാനത്തേക്കും, ചാവക്കാട് സർക്കാർ ആശുപത്രിയിലേക്കും, മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും
എടക്കഴിയൂർ,പൊന്നാനി എന്നിവിടങ്ങളിലേക്കും എളുപ്പത്തിൽ എത്താൻ ഈ റോഡ് തന്നെ ആശ്രയം.
മഴക്കാലമായാൽ മുട്ടിനു മുകളിൽ ഉയരുന്ന വെള്ളക്കെട്ടിലൂടെ നീന്തി വേണം അക്കരെ പറ്റുവാൻ, വേനൽക്കാലമായാൽ നടുവൊടിയാതെ ഈ കടമ്പ കടക്കാനാവില്ല.
റോഡിനു കുറുകെയുള്ള കലുങ്കിന്റെയും പാലത്തിന്റെയും പണികൾ വർഷങ്ങളായി ഇഴഞ്ഞു നീങ്ങുകയാണ്. ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർ പലപ്പോഴും കുഴികളിൽ വീഴുക പതിവാണ്.
കാർ,ഓട്ടോറിക്ഷ,മറ്റു വാഹനങ്ങൾ പാലത്തിൽ കയറുന്നതും ഇറങ്ങുന്നതും വളരെ സാഹസപ്പെട്ടാണ്. വാഹനങ്ങളുടെ അടിഭാഗം നിലത്തു തട്ടാതെ പാലത്തിൽ കയറാനോ ഇറങ്ങാനോ സാധ്യമല്ല.വെള്ളം കൃത്യമായി ഒഴുകി പോകാൻ പാകത്തിൽ കലുങ്കുകളും പാലങ്ങളും നിർമ്മിച്ച് റോഡ് ഉയർത്തി ടാർ ചെയ്ത് സഞ്ചാര യോഗ്യമാക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ഇനിയും ഈ ആവശ്യങ്ങൾ പരിഗണിച്ചില്ലെങ്കിൽ മുൻപ് ഉണ്ടായിരുന്ന പോലെ വഞ്ചിക്കടവത്ത് വഞ്ചി സൗകര്യം അനുവദിച്ചാലും മതി എന്ന നിലയിലാണ് നാട്ടുകാർ.
അതിർത്തി പങ്കിടുന്ന പഞ്ചായത്തുകളായതിനാൽ
പുന്നയൂർ പഞ്ചായത്തും, വടക്കേക്കാട് പഞ്ചായത്തും തുല്യമായ അലംബാവമാണ് ഈ വിഷയത്തിൽ സ്വീകരിക്കുന്നതെന്ന് നാട്ടുകാർക്ക് പരാതിയുണ്ട്. നവകേരള സദസ്സുമായി ബന്ധപ്പെട്ട് ജനങ്ങളുടെ ദീർഘകാലമായുള്ള ഈ കഷ്ടപ്പാടിന് ഒരു പരിഹാരം കാണുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.
