ചാവക്കാട്:കടലിൽ കാണാതായ ആൾക്ക് വേണ്ടിയുള്ള തിരച്ചിൽ നടത്തുന്നതിനിടെ ആഴക്കടൽ മത്സ്യബന്ധനത്തിന് പോയി എഞ്ചിൻ നിലച്ച് കടലിൽ കുടുങ്ങിയ ബോട്ടും അഞ്ച് മത്സ്യത്തൊഴിലാളികളെയും ഫിഷറീസ് റെസ്ക്യൂ ടീം രക്ഷപ്പെടുത്തി കരയിലെത്തിച്ചു.
കടലില്‍ ആറ് നോട്ടിക്കല്‍ മൈല്‍ അകലെ മുനക്കക്കടവ് വടക്ക് പടിഞ്ഞാറ് ഭാഗത്ത് മലപ്പുറം പൊന്നാനി സ്വദേശി സലാമിന്റെ ഉടമസ്ഥയിലുള്ള സൈനുമോൻ എന്ന ബോട്ടാണ് കടലിൽ കുടുങ്ങിയത്. മുനക്കകടവ് പടിഞ്ഞാറ് 5 നോട്ടിക്കൽ മൈൽ അകലെ വെച്ചാണ് എഞ്ചിൻ തകരാറിലായത്. അഴീക്കോട് ഫിഷറീസ് സ്റ്റേഷനിലേക്ക് സഹായഭ്യർത്ഥന ലഭിച്ചതിനെ തുടർന്ന് അസിസ്റ്റന്റ് ഡയറക്ടർ എം.എഫ് പോളിൻ്റെ നിർദ്ദേശത്തെ തുടർന്ന് കടലിൽ കാണാതായ ആൾക്ക് വേണ്ടിയുള്ള തിരച്ചിൽ നടത്തിക്കൊണ്ടിരുന്ന ചേറ്റുവ റെസ്സ്ക്യൂ ബോട്ട് ഉടൻ അങ്ങോട്ട് തിരിച്ച് ബോട്ടും അതിലെ അഞ്ച് തൊഴിലാളികളെയും കരയിലെത്തിക്കുകയായിരുന്നു.
പൊന്നാനിയിൽ നിന്നും മത്സ്യ ബന്ധനത്തിന് പോയ യാസീൻ എന്ന ബോട്ടിലെ ഇതര സംസ്ഥാന തൊഴിലാളിയെ എടക്കഴിയൂരിൽ വെച്ചാണ് കാണാതായത്. അഴിക്കോട് ഫിഷറീസ് ഡിപ്പാർട്മെന്റ്, കോസ്റ്റൽ പോലിസും തിരച്ചിൽ നടത്തുന്നതിനിടെയാണ് മത്സ്യബന്ധനത്തിന് പോയി എഞ്ചിൻ നിലച്ച് മത്സ്യത്തൊഴിലാളികൾ കടലിൽ കുടുങ്ങിയത്.മറൈൻ എൻഫോസ്മെൻ്റ് ആൻ്റ് വിജിലൻസ് ഉദ്ദോഗ്യസ്ഥരായ വി.എൻ പ്രശാന്ത്കുമാർ, വി.എൻ ഷൈബു, സീ റെസ്ക്യൂ ഗാർഡുമാരായ ബി.എച്ച് ഷഫീക്ക്, സി.എൻ പ്രമോദ്, പി.എം ബോട്ട് സ്രാങ്ക് റഷീദ്, ഡ്രൈവർ പി.കെ മുഹമ്മദ്, അഷറഫ് പഴങ്ങാടൻ എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി
