വടക്കേകാട് കപ്ലിയങ്ങാട് ഭഗവതി ക്ഷേത്രം ഏറ്റെടുക്കാനുള്ള മലബാര്‍ ദേവസ്വം ബോര്‍ഡിൻ്റെ ശ്രമം; ഭക്തരുടെ വൻ പ്രതിഷേധത്തെ തുടർന്ന് അധികൃതർ പിൻവാങ്ങി

വടക്കേകാട്: കപ്ലിയങ്ങാട് ഭഗവതി ക്ഷേത്രം ഏറ്റെടുക്കാനുള്ള മലബാര്‍ ദേവസ്വം ബോര്‍ഡ് അധികൃതരുടെ ശ്രമത്തെ ഭക്തർ നാമജപത്തോടെ തടഞ്ഞു. മാര്‍ച്ച് 11 ന് സുപ്രീം കോടതിയില്‍ കേസ് പരിഗണിക്കാനിരിക്കെയാണ് ദേവസ്വം ബോർഡ് ക്ഷേത്രം പിടിച്ചെടുക്കാനുള്ള ശ്രമം നടത്തിയത്.ഇതിനെതിരെ ക്ഷേത്രം ഭരണ സമിതിയും ഭക്തജനങ്ങളും ശക്തമായി പ്രതിഷേധിച്ചു.സുപ്രീം കോടതിയിൽ കേസ് നിലനില്ക്കുന്ന സാഹചര്യത്തില്‍ അതിനുശേഷം തുടര്‍നടപടി പാടുള്ളൂ എന്ന് ക്ഷേത്രം കമ്മിറ്റി  ആവിശ്യപ്പെട്ടതിനെ തുടര്‍ന്ന് അധികൃതര്‍ ശ്രമം ഉപേക്ഷിച്ച് മടങ്ങി. ഇന്ന് പുലര്‍ച്ചെ 5  മണിയോടെയാണ്
കനത്ത പൊലീസ് വലയത്തിൽ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ ക്ഷേത്രത്തില്‍ എത്തിയത്. ഈ സമയം സ്ത്രീകള്‍ ഉള്‍പ്പെടെ നൂറുകണക്കിനു ഭക്തര്‍ നാമജപവുമായി ഗേറ്റിനു മുന്നില്‍ നിലയുറപ്പിച്ചിരുന്നു. ഉദ്യോഗസ്ഥരും പൊലീസും ക്ഷേത്ര കമ്മിറ്റി ഭാരവാഹികളും സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് സുപ്രീം കോടതി കേസ് പരിഗണിക്കുന്ന മാര്‍ച്ച് 11 വരെ സമയം അനുവദിക്കാമെന്ന ധാരണയില്‍ എത്തിയത്.
ഗുരുവായൂര്‍ എസിപി സുന്ദരന്‍, വടക്കേകാട് എസ്എച്ച്ഒ ആര്‍.ബിനു എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പുലര്‍ച്ചെ 4.45 ഓടെ ക്ഷേത്രം വളഞ്ഞിരുന്നു. ക്ഷേത്രത്തിനു 2 കിലോ മീറ്റര്‍ അകലെ മുക്കിലപീടിക സെന്ററിലും കൊച്ചന്നൂര്‍ സെന്ററിലും പൊലീസ് വാഹനങ്ങള്‍ തടഞ്ഞു. അഗ്നിരക്ഷാ സേനയും ജല പീരങ്കിയും എത്തിയിരുന്നു.
1993- ല്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് ലിസ്റ്റ് ചെയ്ത ക്ഷേത്രമാണന്ന് ദേവസ്വം ബോര്‍ഡ് എക്‌സിക്യുട്ടീവ് ഓഫിസര്‍ അജിന്‍ ആര്‍.ചന്ദ്രന്‍ പറഞ്ഞു. ഭക്തരില്‍ നിന്നു ലഭിച്ച പരാതിയെ തുടര്‍ന്ന് ദേവസ്വം ബോര്‍ഡ് അന്വേഷണം നടത്തി 2022 ഡിസംബറില്‍ എക്‌സിക്യുട്ടീവ് ഓഫിസറെ നിയമിച്ചിരുന്നു. ട്രസ്റ്റിക്കാണ് ക്ഷേത്രം അധികാരം എന്ന വാദവുമായി കമ്മിറ്റി മുന്‍സിഫ് കോടതിയെ സമീപിച്ചെങ്കിലും ആചാരപരമായ കാര്യങ്ങളില്‍ മാത്രമാണ് ട്രസ്റ്റിക്ക് അധികാരമുള്ളൂ എന്നും എക്‌സിക്യുട്ടീവ് ഓഫിസര്‍ ചുമതയേല്‍ക്കുന്നതില്‍ തടസ്സമില്ലെന്നും കോടതി ഉത്തരവായി.ഈ കേസ് കോടതിയില്‍ തുടരുന്നുണ്ട്.  ഇതിനെതിരെ കമ്മിറ്റി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ദൈനംദിന കാര്യങ്ങളില്‍ ഇടപെടാന്‍ കമ്മിറ്റിക്ക് അധികാരമില്ലെന്ന് ഹൈക്കോടതിയും ഉത്തരവിട്ടു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഏറ്റെടുക്കാന്‍ എത്തിയതെന്ന് എക്‌സിക്യുട്ടീവ് ഓഫിസര്‍ പറഞ്ഞു.കോടതിയില്‍ കേസ് നിലനില്‍ക്കുമ്പോള്‍ ക്ഷേത്രം ഏറ്റെടുക്കാന്‍ നേരം പുലരും മുന്‍പ് എത്തിയത് സിപിഎം നടത്തിയ രാഷ്ട്രീയ നീക്കമാണെന്ന് ക്ഷേത്രം കമ്മിറ്റി പ്രസിഡന്റ് പ്രമോദ് കിളിയംപറമ്പില്‍ ആരോപിച്ചു. ദേവസ്വം ബോര്‍ഡ് ക്ഷേത്ര സ്വത്തിനു നികുതി അടച്ചതായ വ്യാജ രേഖ ചമച്ച് കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് അനുകൂല വിധി നേടിയതെന്നും ഇവര്‍ ആരോപിച്ചു. ഇതിനെതിരെയും കോടതിയെ സമീപിച്ചിട്ടുണ്ട്. ഇതിനിടെയാണ് പ്രദേശത്ത് സംഘഷാവസ്ഥ ഉണ്ടാക്കാനായി ദേവസ്വം ബോര്‍ഡ് രംഗത്ത് വന്നിരിക്കുന്നത്. ക്ഷേത്രം ഏറ്റെടുക്കുന്നതിനു നാട്ടിലെ മുഴുവന്‍ ഭക്തരും എതിരാണ്. ചില വ്യക്തികളുടെ രാഷ്ട്രീയ താല്‍പ്പര്യമാണ് ദേവസ്വം ബോര്‍ഡിന്റെ നടപടിക്ക് പിന്നിലെന്നും ഇതിനെതിരെ ഭക്തജനങ്ങൾ ശക്തമായി പ്രതിഷേധിക്കുമെന്നും കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.

കൂടുതൽ വീഡിയോസ് കാണാൻ

Leave a Reply

Your email address will not be published. Required fields are marked *