കുന്നംകുളത്ത്  ഷോക്കേറ്റ് യുവാവ് മരിച്ചു;കെഎസ്ഇബിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം

കുന്നംകുളം: പോർക്കളെങ്ങാട് അയ്യപ്പക്ഷേത്രത്തിൻ്റെമേൽക്കുര ഷീറ്റ് വൃത്തിയാക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു.ഇന്ന് രാവിലെ ഒൻപത് മണിയോടെ  അപകടം സംഭവിച്ചത് . ക്ഷേത്രത്തിന്റെ ഷീറ്റ് മേൽക്കൂര വൃത്തിയാക്കുന്നതിനായി മുകളിൽ കയറിയ പോർക്കളെങ്ങാട് സ്വദേശി ആലിക്കൽ വീട്ടിൽ നിർമ്മലന്റെ മകൻ നിഷാദ് ആണ് ഷോക്കേറ്റ് മരിച്ചത്.
ഷീറ്റ് വൃത്തിയാക്കുന്നതിനിടെ അപ്രതീക്ഷിതമായി നിഷാദിന് വൈദ്യുതാഘാതം ഏൽക്കുകയായിരുന്നു. അപകടം നടന്ന ഉടൻ തന്നെ നാട്ടുകാർ ചേർന്ന് വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും, തുടർന്ന് നിഷാദിനെ വേഗത്തിൽ കുന്നംകുളം മലങ്കര ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. എന്നാൽ ആശുപത്രിയിൽ എത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.നിലവിൽ മൃതദേഹം കുന്നംകുളം മലങ്കര ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ക്ഷേത്രത്തോട് ചേർന്നുള്ള പൊന്നാരശ്ശേരി വീട്ടിൽ  മോഹനന്റെ വീട്ടിലേക്ക് പോകുന്ന സർവീസ് വയർ, ക്ഷേത്രത്തിലെ ഷീറ്റിൽ തട്ടി നിന്നിരുന്നു. ഇതിൽ നിന്നാണ് നിഷാദിന് ഷോക്കേറ്റതെന്ന്  കരുതുന്നു. അശാസ്ത്രീയമായ രീതിയിലാണ് ഈ സർവീസ് വയർ കടന്നുപോകുന്നതെന്നും, കെഎസ്ഇബിയുടെ ഗുരുതരമായ അനാസ്ഥയാണ് അപകടത്തിന് കാരണമായതെന്നും ആരോപിച്ച് നാട്ടുകാർ കെ എസ് ഇ ബി ക്കെതിരെ പ്രതിഷേധം ഉയർത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *